Friday, 21 October 2011













കൂട്ടില്‍ നിന്ന് 35 പ്രാവുകളെ മോഷ്ടിച്ചു

ഒരുമനയൂര്‍: പാലംകടവില്‍ തിരുത്തിക്കാട്ട് കൊല്ലംകുഴിയില്‍ പട്ടുങ്ങല്‍ ഹുസൈന്‍കുട്ടിയുടെ വീട്ടിലെ 35 പ്രാവുകളെ തിങ്കളാഴ്ച പുലരും മുമ്പേ മോഷ്ടിച്ചു. മുബീന, രാജസ്ഥാന്‍ ബ്യൂട്ടി, സേന്‍േറല്‍, ശിറാസ്, ആസ്‌ട്രേലിയന്‍ ഗോള്‍ഡ്, റെഡ് മൈല്‍ പ്രാവ്, മറ്റ് വിവിധ ഇനങ്ങളില്‍പെട്ട പ്രാവുകളാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. വലിയ വലയുള്ള കൂടിന്റെ ഒരു വശത്തെ വല തകര്‍ത്താണ് മോഷണം. ചാവക്കാട് പൊലീസില്‍ പരാതി നല്‍കി. 50,000 രൂപ വിലയുള്ളവയാണ് പ്രാവുകള്‍.
ബൈജു ഗോവിന്ദ്
അമ്പലപ്രാവ്, അരിപ്രാവ്, അനിയത്തിപ്രാവ്... പേരിനു പ്രാവിന്‍റെ വാലുള്ള വിശേഷണങ്ങള്‍. സമാധാനത്തിന്‍റെ വെള്ളരിപ്രാവുകളായും, ദൂതു പോകുന്ന സന്ദേശവാഹകരായും വളര്‍ത്തുപക്ഷികളായും വിരാജിക്കുന്ന പ്രാവുകള്‍. എങ്കിലും മിക്കവര്‍ക്കും പ്രാവുവളര്‍ത്തല്‍ നേരമ്പോക്കു മാത്രം. എന്നാല്‍ പ്രാവുവളര്‍ത്തുന്നതു ചിലര്‍ക്കെങ്കിലും തമാശയല്ല. പ്രാവിന്‍റെ പ്രാധാന്യമറിയണമെങ്കില്‍ ഒരു സംഘടനയെക്കുറിച്ചറിയണം, കേരള പീജിയന്‍സ് സൊസൈറ്റി. പ്രാവുകള്‍ക്കു വരെ സംഘടനയുണ്ടോ എന്നു സംശയം ശേഷിക്കുന്നോ ഇപ്പോഴും...?

ആ സംശയമുള്ളവര്‍ക്കു എറണാകുളത്തു ചക്കരപ്പറമ്പിലെ ലിജു തോമസ് പള്ളന്‍ മറുപടി പറയും. ഇദ്ദേഹമാണു പ്രാവുകളെ വളര്‍ത്തുന്ന കൂട്ടുകാരെ ചേര്‍ത്തു കേരള പീജിയന്‍സ് സൊസൈറ്റിക്കു രൂപം നല്‍കിയവരില്‍ ഒരാള്‍. സംഘടനയുടെ സെക്രട്ടറിയാണു ലിജു. വെറുതെ കടലാസിലൊരു സംഘടനയല്ല. എല്ലാ മാസവും രണ്ടാമത്തെ ഞായറാഴ്ച പ്രാവുകളുടെ പ്രദര്‍ശനവും ബോധവത്ക്കരണ ക്ലാസും സംഘടിപ്പിക്കുന്നു, പലതരം പ്രാവുകളുടെ ഫോട്ടൊകളും അസോസിയേഷന്‍ അംഗങ്ങളുടെ വിശദാംശങ്ങളും അടങ്ങുന്ന ഡയറക്റ്ററി പുറത്തിറക്കി അടുത്തിടെ... പിന്നെയും ഒരുപാടു പ്രവര്‍ത്തനങ്ങള്‍. ഇപ്പോള്‍ സൊസൈറ്റിയിലെ മെംബര്‍മാരുടെ എണ്ണം നൂറ്റിയിരുപത്തെട്ട്. 

പ്രാവിനെ കൗതുകത്തോടെ കണ്ട കുട്ടിക്കാലം. പ്രാവുകളെ വലിയ ഇഷ്ടമായിരുന്നു ലിജുവിന്. അമ്മാവന്‍ ഒരു പ്രാവിനെ വാങ്ങിക്കൊടുത്തപ്പോള്‍ താത്പര്യം വര്‍ധിച്ചു. വളരുന്തോറും പ്രാവെന്ന കുട്ടിക്കൗതുകം ഹോബിയായി മാറുകയായിരുന്നു. പ്രാവുകളെ വളര്‍ത്തുന്നത് നേരമ്പോക്കല്ല, നല്ല വരുമാനവുമാണെന്നു വൈകാതെ തിരിച്ചറിഞ്ഞു. കൂടുകള്‍ വിപുലമാക്കി. വിദേശത്തു നിന്നും പ്രാവുകളെ ഇറക്കുമതി ചെയ്യുന്നതു വരെയെത്തി കാര്യങ്ങള്‍. ഇംപോര്‍ട്ട് ചെയ്ത പ്രാവുകളെ വാങ്ങാനും ഫാന്‍സി പീജിയന്‍സിനെ കാണാനും വീട്ടില്‍ ആളുകള്‍ എത്തിത്തുടങ്ങി. അതോടെ പക്ഷിപ്രേമികള്‍ക്കു സുപരിചിതമായ പേരായി മാറി, ലിജു പള്ളന്‍. 

പ്രാവു വളര്‍ത്തുക മാത്രമല്ല തന്നെപ്പോലെയുള്ള വരുടെ കൂട്ടായ്മ കൂടി വേണം എന്നു തെന്നി ലിജുവിന്. വില കൂടിയ പ്രാവുകളെ മറ്റാര്‍ക്കും കൊടുക്കാതെ സ്വന്തമാക്കി വച്ചിരുന്ന പ്രാവു പ്രേമികളുടെ പിടിവാശി അവസാനിച്ചതു സംഘടന രൂപീകരിച്ചപ്പോഴാണ്. പ്രാവുകളെ വളര്‍ത്തിയിരുന്ന പന്ത്രണ്ടു കൂട്ടുകാരെ ചേര്‍ത്ത് അസോസിയേഷന്‍ രൂപീകരിക്കാന്‍ തീരുമാനിച്ചതു 2004ല്‍. കേരള പീജിയന്‍സ് സൊസൈറ്റി എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്തു. പ്രാവുകളെ പ്രദര്‍ശിപ്പിക്കാനും വില്‍ക്കാനും അവസരമുണ്ടാക്കുക എന്നു മാത്രമായിരുന്നു ലക്ഷ്യം. അധികം വൈകാതെ കേരളത്തിലുള്ള പ്രാവു പ്രേമികളെല്ലാം അസോസിയേഷനെക്കുറിച്ചറിഞ്ഞു. 2500 രൂപ ഫീസ് കൊടുത്ത് മെംബര്‍ഷിപ്പ് എടുത്തു. വെറും കച്ചവടക്കാരായിരിക്കരുത്. ബിസിനസ് അടിസ്ഥാനത്തില്‍ പ്രാവു വളര്‍ത്തുന്നവരാകരുത്. പ്രാവുകളെ വളര്‍ത്താന്‍ ആത്മാര്‍ഥമായി താത്പര്യമുള്ളവരാകണം... ഈ നിബന്ധനകള്‍ പാലിച്ചവര്‍ക്കെല്ലാം സംഘടനയില്‍ പ്രവേശനം നല്‍കി.

പ്രാവു പ്രേമികളുടെ കൂട്ടായ്മ എല്ലാ മാസവുമുണ്ട്. എറണാകുളം സെന്‍റ് ആല്‍ബര്‍ട്സ് കോളെജിനടുത്ത് ഐഎസ് പ്രസ് റോഡിലായിരിക്കും സമ്മേളനം. മെംബര്‍മാരെല്ലാവരും പങ്കെടുക്കും. പ്രാവുകളെ കാണാനും വാങ്ങാനുമുള്ള വേദി കൂടിയാണിത്. സംഘടനാ പ്രസിഡന്‍റ് ബെഞ്ചമിന്‍ ഡിസൂസയുടെ നേതൃത്വത്തില്‍ ബോധവത്കരണ ക്ലാസും. ഈ സമ്മേളനത്തിലാണു പ്രാവു പ്രേമികളുടെ അടുത്ത പ്രോഗ്രാമുകള്‍ തീരുമാനിക്കുക. പിജിയന്‍സ് സൊസൈറ്റി മെംബര്‍മാരെല്ലാം യാത്രാ പ്രേമികള്‍. വിവിധ സ്ഥലങ്ങളിലേക്ക് യാത്രകളും സംഘടിപ്പിക്കും. തെങ്കാശിയും പൊള്ളാച്ചിയും മധുരയും കോയമ്പത്തൂരുമൊക്കെയാണു ഡെസ്റ്റിനേഷന്‍. പക്ഷേ യാത്രകള്‍ക്കുമുണ്ടൊരു പ്രാവ് കണക്ഷന്‍. അവിടെയുള്ള പ്രാവുകളെ കാണുക, പ്രാവു വളര്‍ത്തുന്നവരെ പരിചയപ്പെടുക. ഓരോ യാത്രയുടെയും ലക്ഷ്യം അതാണ്. ലിജു പള്ളന്‍ പറയുന്നു. 

നൂറ്റിയിരുപത്തെട്ട് അംഗങ്ങളുള്ള മറ്റൊരു പക്ഷി പ്രേമി സംഘം ഇന്ത്യയില്‍ വേറെയില്ല. പക്ഷി വളര്‍ത്തല്‍ വെറുമൊരു ഹോബി മാത്രമല്ല അസോസിയേഷന്‍ മെംബര്‍മാര്‍ക്ക്. ജീവിതത്തിന്‍റെ ഭാഗമാണ്. വീടിന്‍റെ ഒരു ഭാഗം പ്രാവു വളര്‍ത്താനായി മാറ്റിവച്ച് രാവിലെ മുതല്‍ രാത്രി വരെ അവയെ പരിചരിച്ചുകൊണ്ടുള്ള ജീവിതക്രമം. പ്രാവു വളര്‍ത്തുന്നവരുടെ മനസും പ്രാവുകളെപ്പോലെ മൃദുവാകണം, അങ്ങനെയുള്ളവരുടെ കൂട്ടായ്മയാണു പീജിയന്‍സ് സൊസൈറ്റി.

വീടിന്‍റെ മച്ചിനു മുകളില്‍ കൂടു കൂട്ടുന്ന ശല്യക്കാരായ പ്രാവുകളല്ല ഫാന്‍സി പിജിയന്‍സ്. കുട നിവര്‍ത്തിയപോലെ വാലുകളുള്ളവ. തലയ്ക്കു ചുറ്റും ഉയരത്തില്‍ രോമങ്ങളുള്ളവ. കറുത്തതും വെളുത്തതും ഇളം തവിട്ടു നിറവുമൊക്കെയുള്ളവ. ആയിരം മുതല്‍ ഒരു ലക്ഷം വരെ രൂപയാണു ഫാന്‍സി പീജിയന്‍സിനു വില. 

ഒരു പ്രാവിനെ വളര്‍ത്താന്‍ മാസം നൂറു രൂപയേ ചെലവു വരൂ. അഞ്ചു വര്‍ഷമായി ഇന്ത്യയില്‍ പ്രാവുകളുടെ ഇറക്കുമതിയും കയറ്റുമതിയും നിരോധിച്ചിട്ട്. അതിനു മുമ്പ് ഇറക്കുമതി ചെയ്ത പ്രാവുകളെ ബ്രീഡ് ചെയ്തുണ്ടാക്കിയ കുഞ്ഞുങ്ങളുണ്ട് പീജിയന്‍സ് അസോസിയേഷനിലെ മെംബര്‍മാരുടെ കൂടുകളില്‍. പ്രൊഫഷനായി സ്വീകരിച്ചാല്‍ നല്ല വരുമാനമുണ്ടാക്കാവുന്ന ബിസിനസ് കൂടിയാണു പ്രാവു വളര്‍ത്തല്‍.

പ്രാവു വളര്‍ത്താന്‍ കുറച്ചു നിര്‍ദേശങ്ങള്‍

ആയിരം രൂപയ്ക്കും അമ്പതിനായിരം രൂപയ്ക്കും ഫാന്‍സി പീജിയന്‍സ് ലഭിക്കും. രോഗമില്ലെന്ന് ഉറപ്പു വരുത്തിയ ശേഷം പ്രാവുകളെ വാങ്ങുക. 

ഗോതമ്പ്, ചോളം, റാഗി, തിന, മുതിര, ചെറുപയര്‍, കടല, മുതിര, സോയാബീന്‍ തുടങ്ങിയവയാണു ഭക്ഷണം. ഓരോ ദിവസവും തുല്യമായ അളവ് ഭക്ഷണം കൊടുക്കണം. കഴുകി ഉണക്കിയ ശേഷം മാത്രമേ തീറ്റ കൊടുക്കാവൂ. തീറ്റയുടെ അവശിഷ്ടം കൂട്ടില്‍ നിന്ന് ഉടന്‍ നീക്കം ചെയ്യണം. ഫംഗസ് ബാധയുണ്ടായാല്‍ പ്രാവുകള്‍ക്ക് രോഗം വരും.

ദിവസവും കൂട് വൃത്തിയാക്കണം. എല്ലാ മാസവും വിരയ്ക്കുള്ള മരുന്നു കൊടുക്കണം. കുടിക്കാന്‍ വയ്ക്കുന്ന വെള്ളത്തില്‍ കലക്കിയാണ് ഇതു കൊടുക്കേണ്ടത്. പ്രാവുകളുടെ കാഷ്ഠത്തിന്‍റെ നിറം നോക്കിയാല്‍ രോഗലക്ഷണങ്ങള്‍ തിരിച്ചറിയാന്‍ കഴിയും.

സ്ഥിരമായി പരിചരിച്ചാല്‍ മാത്രമേ പ്രാവു വളര്‍ത്തല്‍ സന്തോഷകരമായി ചെയ്യാന്‍ കഴിയൂ. പ്രാവിന്‍റെ ഇരുപ്പും നടപ്പും ക്ഷീണവുമെല്ലാം ഒറ്റനോട്ടത്തില്‍ തിരിച്ചറിയണം. അല്‍പ്പം ശ്രമകരമായ ജോലി. എന്നാല്‍ അതിനൊത്തു വരുമാനവും.

തീരദേശത്ത് വര്‍ണപ്രാവ് കവര്‍ച്ച വ്യാപകം


കൊടുങ്ങല്ലൂര്‍: തീരദേശ മേഖലയില്‍ വിലപിടിപ്പുള്ള  പ്രാവുകളെ കൂട്ടത്തോടെ കട്ടുകടത്തുന്നു. നാല്‍പതിനായിരത്തോളം രൂപയുടെ വിദേശയിനം പ്രാവുകള്‍ തിങ്കളാഴ്ച അര്‍ധരാത്രി പെരിഞ്ഞനത്ത് നിന്ന് മോഷ്ടിക്കപ്പെട്ടു. ഈയിടെ മതിലകം കളരിപ്പറമ്പില്‍ നിന്ന് വില കൂടിയ പ്രാവുകളും വര്‍ണപക്ഷികളും കൂട്ടത്തോടെ കടത്തിയിരുന്നു.
 പെരിഞ്ഞനം പടിഞ്ഞാറ് ക്ഷേത്രത്തിന് സമീപം മാളിയേക്കല്‍ കൃഷ്ണന്‍കുട്ടിയുടെ മകന്‍ ഗോകുല്‍ വളര്‍ത്തിയ 20 പ്രാവുകളെയാണ് മോഷ്ടാക്കള്‍ കടത്തിയത്. വീടിന്റെ ടെറസില്‍ ഗ്രില്‍ ഉപയോഗിച്ച് പണിത കൂടിന്റെ പൂട്ട് തകര്‍ത്താണ് പ്രാവുകളെ കടത്തിയത്. ഏഴായിരം രൂപ വരുന്ന പൗട്ടര്‍, ഹെന്‍സ്, ആസ്‌ട്രേലിയന്‍ വൈറ്റ്, ആസ്‌ട്രേലിയന്‍ ഗോള്‍ഡ്, മയില്‍പ്രാവ് തുടങ്ങിയ ഇനങ്ങളാണ് നഷ്ടപ്പെട്ടത്.   മതിലകം പൊലീസ്  അന്വേഷണം നടത്തി. തൃശൂരിലെയും പറവൂരിലെയും ഫാന്‍സി പ്രാവ് വില്‍പന കേന്ദ്രങ്ങളില്‍ അന്വേഷണം നടത്തിയെങ്കിലും കണ്ടുകിട്ടിയില്ല. മതിലകം കൂളിമുട്ടം പ്രാണിയാട് വെല്‍ഡിങ് വര്‍ക്ക്‌ഷോപ്പ് നടത്തുന്ന ഗോകുല്‍ 15 വര്‍ഷമായി വിലയേറിയ പ്രാവുകളെ വളര്‍ത്തിവരികയാണ.് കഴിഞ്ഞ വര്‍ഷം മതിലകം മതില്‍മൂലയില്‍ നിന്നും ഫാന്‍സി പ്രാവുകള്‍ മോഷണം പോയിരുന്നു.

മൈക്ക് ടൈസണിന്റെ ആദ്യ പ്രണയം പ്രാവുകളോട്


തന്റെ ആദ്യ പ്രണയം പ്രാവുകളോടായിരുന്നുവെന്ന് ബോക്സിംഗ് താരം മൈക്ക് ടൈസണ്‍. പതിനൊന്നാമത്തെ വയസ്സില്‍ തന്റെ ഒരു പ്രാവിനെ സുഹൃത്ത് കൊന്നെന്നും ടൈസണ്‍ പറയുന്നു. 'ടേക്കിംഗ് ഓണ്‍ ടൈസണ്‍' എന്ന ടി വി പരിപാടിയിലാണ് ടൈസണ്‍ ഇക്കാര്യം പറയുന്നത്.

എനിക്കും പ്രാവുകളോട് എന്നും സ്നേഹമായിരുന്നു. ഒരിക്കല്‍ എനിക്ക് 100 പക്ഷികള്‍ ഉണ്ടായിരുന്നു. അതില്‍ ഒന്നിനെ സുഹൃത്ത് വാങ്ങി. പിന്നീട് തിരിച്ചുചോദിച്ചെങ്കിലും തന്നില്ല. പകരം അതിനെ മുറിവേല്‍പ്പിച്ച് രക്തം എന്റെ ദേഹത്ത് തെറിപ്പിച്ചു- ടൈസണ്‍ വേദനയോടെ പറഞ്ഞു.

നാല്‍പ്പതുകാരനായ ടൈസണിന് ന്യൂയോര്‍ക്കില്‍ ഒരു പ്രാവ് വളര്‍ത്തല്‍ കേന്ദ്രം ഉണ്ടായിരുന്നത്രെ.

അടയിരുന്ന് വിരിയാതെ പ്രാവിന്‍മുട്ടയില്‍ കുഞ്ഞുങ്ങള്‍
Posted on: 12-Jun-2011 12:24 AM
കൊടുങ്ങല്ലൂര്‍ : അടയിരുന്ന് വിരിയും മുമ്പേ വിദേശ പ്രാവിന്റെ മുട്ടയില്‍നിന്ന്കുഞ്ഞു ങ്ങള്‍ പുറത്തുവന്നു. രണ്ടു മുട്ടയില്‍നിന്നും വിരിഞ്ഞ കുഞ്ഞുങ്ങള്‍ നിമിഷങ്ങള്‍ക്കകം ചത്തു. പൊന്നും വിലയുള്ള വിദേശ സുന്ദരിയായ പ്രാവ് മുട്ടയിട്ടത് ചുവന്ന കൊക്കുമായുള്ള മുട്ടകളായിരുന്നു. മുട്ടയിട്ട ഉടനെ കുഞ്ഞ് പുറത്തു വന്നത് അത്ഭുതമാണ്. മതിലകം മതില്‍ മൂല കാമവളപ്പില്‍ ജലീല്‍ വളര്‍ത്തുന്ന 35,000 രുപ വിലയുള്ള മാഗ് പൈ പൗട്ടര്‍ ഇനത്തില്‍ പെട്ട ജര്‍മന്‍ വംശജയായ പ്രാവിന്റെ മുട്ടയിലാണ് കുഞ്ഞ് വിരിഞ്ഞത്. പ്രാവ് മുട്ടയിട്ട് അടയിരുന്ന് വിരിയണമെങ്കില്‍ ഏകദേശം 16മുതല്‍ 18 വരെ ദിവസമെടുക്കും. വിവരമറിഞ്ഞ് ഡോ. ഷാജി എത്തി വിരിഞ്ഞ കുഞ്ഞി പ്രാവിനെ ഗ്ലാസ് ബോക്സില്‍ സുക്ഷിച്ചിരിക്കയാണ്. വിവിധ ഇനം പ്രാവുകളുടെ ശേഖരമുള്ള ജലീല്‍ പ്രാവു വളര്‍ത്തലില്‍ പ്രസിദ്ധനാണ്. ഇത്തരമൊരു സംഭവം തന്റെ അനുഭവത്തിലാദ്യമാണെന്ന് ജലീല്‍ പറഞ്ഞു.